12:48am 09 November 2026
NEWS
10 ഗ്രാം സ്വർണത്തിന് 15 ലക്ഷം രൂപയെന്ന നിരക്കിലെത്തും; മുന്നറിയിപ്പുമായി തോമസ് കപ്ലാൻ
27/08/2026  08:09 PM IST
10 ഗ്രാം സ്വർണത്തിന് 15 ലക്ഷം രൂപയെന്ന നിരക്കിലെത്തും; മുന്നറിയിപ്പുമായി തോമസ് കപ്ലാൻ
HIGHLIGHTS

ആഗോള സ്വർണവിപണിയിൽ വൻ കുതിപ്പിന് സാധ്യതയെന്ന് പ്രമുഖ നിക്ഷേപകൻ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ വരെ സ്വർണവില ഉയർന്നേക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ന്യൂഡൽഹി: ആഗോള വിപണിയിൽ സ്വർണവില വരും വർഷങ്ങളിൽ നിലവിലെ നിരക്കിന്റെ പലമടങ്ങായി ഉയർന്നേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ വരെ സ്വർണവില എത്താനുള്ള സാധ്യതയുണ്ടെന്നാണ് കപ്ലാന്റെ പ്രവചനം. കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ഡോളറിന് ശരാശരി 95 രൂപ എന്ന നിരക്കിൽ കണക്കാക്കിയാൽ, ഔൺസിന് 50,000 ഡോളർ എന്ന വില ഇന്ത്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 15 ലക്ഷം രൂപയായി മാറും. സ്വർണവിലയിലെ ഈ വർധന വെറും സാധ്യത മാത്രമല്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇത് അനിവാര്യമായേക്കുമെന്നും കപ്ലാൻ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ വില 4,600 ഡോളർ

നിലവിൽ ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് ഏകദേശം 4,600 ഡോളറാണ് വില. 2025ൽ റെക്കോർഡ് കുതിപ്പ് നടത്തിയതിന് പിന്നാലെ അടുത്തിടെ വിലയിൽ ചില തിരുത്തലുകൾ ഉണ്ടായെങ്കിലും ദീർഘകാലത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരാനുള്ള സാധ്യത ശക്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സാമ്പത്തിക വിദഗ്ധരായ ജിം റോജേഴ്സും ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് റോബർട്ട് കിയോസാകിയും സ്വർണവില ഇനിയും ഉയരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘ബ്ലാക്ക് മൺഡേ’യുമായി താരതമ്യം

സ്വർണവിപണിയിലെ ഇപ്പോഴത്തെ തിരുത്തലിനെ 1987ലെ ചരിത്രപ്രസിദ്ധമായ ‘ബ്ലാക്ക് മൺഡേ’ ഓഹരി വിപണി തകർച്ചയോടാണ് കപ്ലാൻ താരതമ്യം ചെയ്തത്. അന്ന് ഓഹരി വിപണിയിൽ ഏകദേശം 36 ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും പിന്നീട് ദീർഘകാല നിക്ഷേപകർക്ക് അത് മികച്ച വാങ്ങൽ അവസരമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ നിലവിലെ സ്വർണവിലയിലെ ഇടിവും നിക്ഷേപകർക്ക് അവസരമായി കാണാമെന്നാണ് കപ്ലാന്റെ നിലപാട്. ഇടത്തരം, ദീർഘകാല കാലയളവുകളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില നിലവിലെ നിരക്കിൽ നിന്ന് പലമടങ്ങ് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img